കോതമംഗലം രൂപത ഹെൽത്ത് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫാ.ജോർജ് മലേപ്പറമ്പിലിൻ്റെ സ്മരണാർത്ഥം കിടപ്പു രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് ജീവ മെഡിക്കൽ എക്യുപ്മെൻറ് ബാങ്ക്. പദ്ധതിയുടെ ഉത്ഘാടനം ബിഷപ്പ്സ് ഹൗസിൽ ചേർന്ന യോഗത്തിൽ വച്ച് ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ നിർവ്വഹിച്ചു. ആധുനിക യുഗത്തിൽ ആതുര ശുശ്രൂഷ രംഗത്ത് രൂപത സോഷ്യൽ സർവ്വീസസിൻ്റെ ഈ പദ്ധതി കാലഘട്ടത്തിന് അനിവര്യമാണന്ന് പിതാവ് പറഞ്ഞു. യോഗത്തിൽ വച്ച് മെഡിക്കൽ ഉപകരണങ്ങളുടെ വെഞ്ചിരിപ്പും പിതാവ് നിർവ്വഹിച്ചു. KSSS ഡയറക്ടർ ഫാദർ ജോർജ് പൊട്ടക്കൽ അധ്യക്ഷത വഹിച്ചു.
കിടപ്പു രോഗികളായവർക്ക് വിലയുള്ളതും സ്ഥിരം ഉപയോഗമില്ലാത്തതുമായ ഉപകരണങ്ങൾ സൗജന്യമായി നൽകുകയും ആവശ്യം കഴിയുമ്പോൾ തിരികെ വാങ്ങുകയും ചെയ്യുന്ന പദ്ധതിയാണ് ജീവ മെഡിക്കൽ എക്യുപ്മെൻസ് ബാങ്ക്. കോതമംഗലം, മൂവാറ്റുപുഴ ,തൊടുപുഴ എന്നിവിടങ്ങളിൽ ഇതിൻറെ സെൻ്ററുകൾ പ്രവർത്തിക്കുന്നു. ഇടവക വികാരിയുടെ ശുപാർശയോടെ കൂടി വരുന്നവർക്ക് കിടപ്പു രോഗികൾക്കു വേണ്ടിയുള്ള കട്ടിൽ, വീൽചെയറുകൾ, ഓക്സിജൻ കോൺസെൻറേറ്റുകൾ, വാക്കർ , കമോഡ് ചെയർ, എയർ ബെഡ് മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. ഉപയോഗശേഷം കൃത്യമായി അവ തിരികെ നൽകുകയും വേണം. കൂടാതെ വീടുകളിൽ ഉപയോഗം കഴിഞ്ഞിട്ടുള്ള ഇത്തരം ഉപകരണങ്ങളും ഈ മെഡിക്കൽ എക്യുപ്മെന്റ് ബാങ്കിലേക്ക് ജനങ്ങൾക്ക് സംഭാവന ചെയ്യാവുന്നതുമാണ്.
ഫാ.ആൻ്റണി മാളിയേക്കൽ , ഫാ.ഷാജി മുണ്ടയ്ക്കൽ, ഫാ.മാത്യു കിഴക്കേടത്ത് , ഫാ.ജോൺസൻ വാമറ്റത്തിൽ ,ഐപ്പ് ജോൺ കല്ലുങ്കൽ ,സിസ്റ്റർ അർച്ചന, ജോൺസൻ കറുകപ്പിളളിൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വച്ച് മലപ്പറമ്പിൽ അച്ചൻ്റെ മാതാപിതാക്കൾ ഈ പദ്ധതിയിലേക്കുള്ള രണ്ടാം ഗഢു സംഭാവന നൽകി. നിർദ്ധനരായ കിടപ്പു രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടനുഭവിക്കുന്നത് പരിഹരിക്കാനായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് KSSS ഡയറക്ടർ ഫാ.ജോർജ് പൊട്ടയ്ക്കൽ പറഞ്ഞു
Comments