2024-2027 വർഷങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം രൂപതയുടെ പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്നു. കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും സന്യാസ ഭവനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്ഥരും അല്മായരും ഉൾപ്പെടെ 175 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ആധുനിക കാലഘട്ടത്തിൽ പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനും സാധിക്കണമെങ്കിൽ സുവിശേഷം മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഊർജ്ജസ്വലമായ വിശ്വാസ പരിശീലനം കുടുംബങ്ങളുടെ വിശുദ്ധീകരണം സമുദായ ശക്തീകരണം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും ഭരണഘടന മതേതരത്വം എന്നിവ സംരക്ഷിച്ച് പൗരന്മാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നവരെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാസ്റ്ററൽ കൗൺസിലിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് ഫാ. മാത്യു കിഴക്കേടത്ത് സമുദായ ശക്തികരണം എന്ന വിഷയത്തിൽ ഫാ. ജിനോ പുന്നമറ്റത്തിൽ എന്നിവർ ക്ലാസുകൾ നയിച്ചു. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളത്തിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചർച്ചകളും ആലോചനകളും നടന്നു. മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കോതമംഗലം രൂപതാംഗമായ മാർ തോമസ് തിരുതാളിൽ പിതാവിന് മാതൃ രൂപതയുടെ അഭിനന്ദനങ്ങൾ പാസ്റ്ററൽ അംഗങ്ങൾ കൈമാറി. നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിനും മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിനും ആശംസകൾ അറിയിച്ചു. വികാരി ജനറൽ മോൺ. പയസ് മലേക്കണ്ടത്തിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോസ് കുളത്തൂർ ഫാ. ജോസ് പുൽപ്പറമ്പിൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
top of page
bottom of page
Comments