top of page

വന്യമൃഗ ശല്യം : മനുഷ്യാവകാശ സംരക്ഷണ റാലിയുമായി കോതമംഗലം രൂപത



കോതമംഗലം : കാട് വന്യ ജീവികൾക്കും നാട് മനുഷ്യനും എന്ന മുദ്രാവാക്യവുമായി കോതമംഗലം രൂപത മനുഷ്യാവകാശ സംരക്ഷണ റാലി നടത്തും. 2024 ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് കോതമംഗലം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുനിന്ന് രൂപത സിഞ്ചെല്ലൂസ് മോൺ പയസ് മലേക്കണ്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലി കോതമംഗലം ഡി എഫ് ഒ ഓഫീസിന് സമീപം അവസാനിക്കും. ശാസ്ത്രീയമായി വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക,നഷ്ടത്തിനാനുപാതികമായ നഷ്ടപരിഹാരം ലഭിക്കുവാൻ നിയമനിർമാണം നടത്തുക, വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ആകുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും, ജീവനാംശവും വനം വകുപ്പ് ഏറ്റെടുക്കുക, വന്യമൃഗങ്ങൾക്ക് ആവശ്യമായ ആഹാരവും ജലവും വനത്തിനുള്ളിൽ തന്നെ ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് മനുഷ്യാവകാശ റാലി നടത്തുന്നത്.

വന്യജീവികളെ വനത്തിനുള്ളിൽ നിർത്തേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അത് സാധ്യമാകുന്നില്ല എന്ന് മാത്രമല്ല വീടിനുള്ളിൽ പോലും മനുഷ്യൻ സുരക്ഷിതൻ അല്ലാതെ ആകുന്ന അവസ്ഥയാണെന്ന് ഭാരവാഹികൾ പറഞ്ഞു. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക എന്നുള്ളത് ഭരണാധികാരികളുടെ പ്രഥമമായ ഉത്തരവാദിത്വമാണ്. കോതമംഗലം രൂപതയുടെ പരിധിയിൽ 30ലധികം പ്രദേശങ്ങളിൽ വന്യജീവി ശല്യം ഉണ്ട്. ഇത് ഈ പ്രദേശങ്ങളിൽ അധിവസിക്കുന്ന മനുഷ്യരുടെ ശാരീരിക മാനസിക സാമ്പത്തിക തലങ്ങളെ വളരെ ദോഷമായി ബാധിക്കുന്നുണ്ട്. കുട്ടികളുടെ പഠനത്തെയും വ്യക്തിത്വ രൂപീകരണങ്ങളെയും പോലും വന്യജീവിശല്യം നിഷേധാത്മകമായി സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ ഭരണകൂടങ്ങൾ ഉണർന്നു പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന മനുഷ്യാവകാശ സംരക്ഷണ റാലിയിൽ രൂപതയുടെ വിവിധ മേഖലകളിൽ ഉള്ളവർ പങ്കുചേരും. സമാപന സമ്മേളനത്തെ അഭി സംബോധന ചെയ്തുകൊണ്ട് രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സംസാരിക്കും.

35 views0 comments
bottom of page